October 23, 2017

ചിറകെരിക്കുമ്പോൾ...!

നിന്റെ തൂവൽ
കത്തിക്കരിഞ്ഞ മണത്തെ,
ആർത്തിയോടെയവരാസ്വദിക്കുന്നുണ്ട്.
നീ പറക്കാൻ കൊതിച്ച മാനത്തിപ്പോൾ
മൃതിയുടെ കരിനിഴൽ
തൂങ്ങിനിൽക്കുന്നുണ്ട്.
ചിറകുകളില്ലാതെ,
പറക്കുവാനാകാതെ,
നീ നിലംപതിച്ചു മരിച്ചുകിടക്കുന്നു.
നിന്റെ ജഡത്തിൽ ചവിട്ടിയവർ
ഇനിയും മര്യാദ പഠിപ്പിക്കട്ടെ!
ആയിരമായിരം ചിറകുകളിനിയും
എരിച്ചു കളയട്ടെ!
---------------------------------------------------------------------
സ്‌കൂളിൽ വച്ചുണ്ടായ മാനസിക പീഡനത്തിൽ മനംനൊന്ത് മൂന്നാം നിലയിൽ നിന്ന് ചാടിയൊരു പെൺകുട്ടി ആത്മഹത്യ ചെയ്തത്, നമ്മുടെ വിദ്യാഭ്യാസരീതിയുടെയും കാലത്തിനൊത്തു മാറാത്ത അദ്ധ്യാപകരുടെ കുട്ടികളോടുള്ള മനോഭാവത്തിന്റെയും വൈകൃതം തുറന്നു കാട്ടുന്നു.

April 7, 2017

ഒന്നിച്ചു പോകാം

നമുക്കൊരുമിച്ചു പോകാം സഖേ.....!

സമയം നമുക്കുകൂടി വേണ്ടിയാണല്ലോ ചലിക്കുന്നത്,

പൂക്കൾ നമുക്കുകൂടി വേണ്ടിയാണല്ലോ വിരിയുന്നത്,

മഴ നമുക്കുകൂടി വേണ്ടിയാണല്ലോ പെയ്യുന്നത്!


ഋതുക്കൾ പ്രകൃതിക്ക് നൽകുന്ന ഓരോ ഉടുപ്പിന്റെയും ഭംഗി നോക്കാൻ,

ആ നിറങ്ങൾ നമുക്കണിയാൻ കഴിയുന്നില്ലല്ലോ, എന്നോർത്തു നീരസപ്പെടാൻ

ഇനിയങ്ങോട്ടൊരുമിച്ചു പോകാം സഖേ.....!

മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളിൽ കെട്ടിപ്പുണർന്നിരിക്കാം,

മഴത്തുള്ളികളെ മുഖംകൊണ്ട് തടുക്കാം,

വെയിലിന്റെ സൂചിക്കുത്തുകൾ ഒന്നിച്ചു കൊള്ളാം.




ഇനിവരും ഋതുക്കളുടെയെല്ലാം തേരേറി

നമുക്കൊരുമിച്ചു പോകാം സഖേ.....!

നിന്റെയുള്ളിലെ മഴ ഞാനും നനയട്ടെ,

എന്നിലെ വെയിൽ നീയും കൊള്ളട്ടെ,

എന്റെയും നിന്റെയും ഇഷ്ടങ്ങൾ നമ്മുടെ ഇഷ്ടങ്ങളാവട്ടെ!

വഴിയോരത്തു ഋതുക്കൾ വർണപ്പൊതികളുമായി കാത്തു നിൽക്കും.

കണ്ണഞ്ചിക്കുന്ന നിറമുള്ള പൂക്കൾ നമ്മിലേക്ക് വർഷിക്കും.

എന്നാൽ വഴിയിൽ ചില്ലുകൾ വിതറിയിരിക്കും;

കാല്പാദങ്ങളിൽ നിന്ന് രക്തം കവർന്നെടുക്കാൻ.

എത്ര സൂക്ഷിച്ചാലും ഞാനൊരിക്കൽ വീണു പോകാം.

കൽച്ചീളുകൾ കൊണ്ട് നെഞ്ചുകീറാം.

രക്തം പുരണ്ട് നമ്മുടെ കൈകൾ വഴുതിപ്പോകാം

എന്നാലുമെന്റെ ഓർമകളുമായി, ഋതുക്കൾ വീണ്ടും വരും.

സ്വപ്നങ്ങൾ ചാലിച്ചവ ചിത്രം വരയ്ക്കും.

നിന്റെ സ്വപ്നങ്ങൾക്ക് നിറങ്ങളുണ്ടാവട്ടെ.

നമ്മുടെ ഓർമ്മകൾ മിന്നിത്തിളങ്ങട്ടെ.

മണ്ണിലലിയുംവരെ ഒന്നിച്ചിരിക്കാം സഖേ...!

കണ്ണും മനസും തുറന്നിരിക്കാം.

നല്ലനിമിഷങ്ങളെ ഉള്ളിൽ കൊരുത്തിടാം.

വരും കാലങ്ങളിലവ വർണഹാരങ്ങളാകും

എന്നെന്നേക്കുമായ് ഓർമയുടെ സുഗന്ധം പരത്തും!

ഇനി നമുക്കൊരുമിച്ചു പോകാം സഖേ.....!

February 6, 2017

ഒരു ട്രെയിൻ യാത്രക്ക് മുൻപ്

സ്ഥലം: ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോം.
 സമയം: 12.15 (ഏഴരയ്ക്ക് എത്തേണ്ട മംഗള എക്സ്പ്രസ് ട്രെയിൻ 6 മണിക്കൂറോളം ലേറ്റ് ആണ്)
കാലാവസ്ഥ: ഒടുക്കത്തെ തണുപ്പ്.

ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ മെയിന്റനൻസ് വർക്കുകൾ നടക്കുന്നതുകൊണ്ട് ട്രെയിനുകൾ എല്ലാം മറ്റുള്ളവയിൽ കൂടിയാണ് കടന്ന് പോകുന്നത്. കാത്തിരിപ്പുകേന്ദ്രത്തിന് വെളിയിലുള്ള മൊബൈൽ ചാർജിങ് പോയിന്റിനരികിലാണ് ഞാൻ. എന്നെപ്പോലെ ട്രെയിനാൽ പാതിരായ്ക്ക് പണികിട്ടിയ കുറപ്പേർ അവിടിവിടെയായ് ചിതറിയിരിപ്പുണ്ട്.

[പലർക്കും ജീവിതം കൂടിയായ കാത്തിരുപ്പ്!]
മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുത്ത് മുന്നോട്ട് നോക്കിയപ്പോഴാണ് മധ്യവയസ്കയായ ആ സ്ത്രീയെ കണ്ടത്. ചുരിദാർ ടോപ്പുപോലെ മുട്ടുവരെ നീളുന്ന ഒറ്റവസ്ത്രമാണ് വേഷം. അവർ എന്റെ മുൻപിലൂടെ കടന്നുപോയി, കുറച്ചു പിറകിലേക്ക് മാറി പ്ലാറ്റ്ഫോമിന്റെ വക്കിൽ നിലത്ത് കുത്തിയിരുന്നു. തൊട്ടടുത്തുള്ള കാത്തിരിപ്പു കേന്ദ്രത്തിൽ 5 രൂപ കൊടുത്തു സാധിക്കേണ്ടത്, മനുഷ്യനുള്ള പരിസരബോധം മറന്ന് അവരവിടെ ചെയ്‌തു. ഒരു ഭ്രാന്തിയുടെ പരിഭ്രമത്തോടെ അവർ അവിടെനിന്ന് എണീറ്റുപോയി, വിശ്രമമുറിയിലേക്ക് എത്തിനോക്കി. എന്നിട്ട്, പുറത്ത് അരികിലുള്ള കുടിവെള്ളടാപ്പുകളെ ഗൗനിക്കാതെ കിടുകിടാ വിറച്ച് കൊണ്ട് മുന്നോട്ട് നടന്നു. അല്പദൂരം അകലെ നിന്ന് ചുറ്റുപാട് മുഴുവൻ കണ്ണോടിച്ചു. നിലത്തേക്ക് നോക്കി കുറേ നേരം അനക്കമറ്റ് നിന്നു. പിന്നെ, പതിയെ തിരിച്ചു വന്ന്, ഒന്നും നടന്നില്ല എന്ന മട്ടിൽ ടാപ്പിൽ നിന്ന് വെള്ളമെടുത്ത് സ്വയം ശുദ്ധീകരിച്ചു. വിറകൊള്ളുന്ന ശരീരവുമായവർ നടന്നകലുമ്പോൾ ഞാൻ ചിന്തിച്ചത്, ഉറ്റവരില്ലാത്ത വീടില്ലാത്ത ഭൂമിയില്ലാത്ത മനുഷ്യരെപ്പറ്റിയാണ്.

ഉണ്ണാനും ഉറങ്ങാനും കുളിക്കാനും പ്രസാദിക്കാനും അനേക ലക്ഷങ്ങൾ റെയിൽവേ ട്രാക്കുകളെയും സ്റ്റേഷനുകളെയും ആശ്രയിക്കുമ്പോഴാണ്, രാജ്യം മുഴുവൻ, തുറസായ പ്രദേശത്തുള്ള മലമൂത്രവിസർജനം നിർത്തലാക്കാനുള്ള ബൃഹത്തോദ്യമങ്ങൾ നടപ്പിലാക്കുന്നത്. രാത്രികാലങ്ങളിൽ മിക്ക റെയിൽവേ സ്റ്റേഷനുകളിലും കാണാം മൂടിപ്പുതച്ച് കിടക്കുന്ന പ്രേതങ്ങളെ! ഭോപ്പാൽ സ്റ്റേഷനിലെ പുറത്തുള്ള പാർക്കിംഗ് ഏരിയയിൽ കൊച്ചു കുട്ടികളടക്കം കൊടും താണുപ്പത്ത് കോൺക്രീറ്റിൽ തുണികൾ വിരിച്ചു കിടക്കുന്നത് അമ്പതിലേറെ ആളുകളാണ്. പൊതുവായ കംഫർട്ട് സ്റ്റേഷനുകളേക്കാൾ ഇവർക്ക് കൊടുക്കേണ്ടത് ജീവിക്കാനൊരിടമാണ്.
പട്ടിണിയും ദുരിദവും മരണവും അവരുടെ നിഴലായി കൂടെയുണ്ട്. 30 കോടി ജനങ്ങൾ അതിദരിദ്രരായ നമ്മുടെ രാജ്യത്ത് മഞ്ഞുകാലത്തെ കൊടുംതണുപ്പിൽ മരിക്കുന്നവർ വീടും കുടിയുമൊക്കെ ഉള്ളവർ ആയിരിക്കില്ലല്ലോ! ട്രെയിനുകളിൽ ഭിക്ഷയെടുത്തോ കുട്ടികളെക്കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തിപ്പിച്ചോ അന്നന്നത്തെ അന്നം നേടുന്നവരാണ് 'റെയിൽവേ ആശ്രിതർ'. അഗതികളാണ് അവർ. അവരുടെ കുഞ്ഞുങ്ങൾ പഠിച്ചാലെന്ത് പഠിച്ചില്ലെങ്കിലെന്ത്; ഓരോ വർഷവും ദരിദ്രരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടല്ലോ! അവരൊക്കെ മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് മാറുന്നതാണോ മരിച്ചു പോകുന്നതാണോ?

സഹനത്തിലൂടെയും ത്യാഗത്തിലൂടെയും കള്ളപ്പണനിർമാർജന മാർഗങ്ങൾക്ക് പിന്തുണ നൽകാനാണല്ലൊ ഏറ്റവും ഒടുവിലത്തെ ആഹ്വാനം. ദീർഘമായി മുന്നോട്ട് നോക്കുമ്പോൾ തൊട്ടരികിൽ ആളുകൾ മരിച്ചു വീഴുന്നതോന്നും കാണാൻ കഴിഞ്ഞെന്ന് വരില്ല. തിരിച്ചെടുക്കുന്ന കള്ളപ്പണം കൊണ്ട് ദാരിദ്ര്യനിർമാർജനം നടത്താനാകും എന്നത് വ്യാമോഹമാണ്. അപ്പോഴത്തേക്കും പട്ടിണിപ്പാവങ്ങളെല്ലാം ചത്തൊടുങ്ങിയിരിക്കും!
ചെറിയ ട്രാൻസാക്ഷനുകൾ പോലും ക്യാഷ്‌ലെസ് ആക്കാൻ പറഞ്ഞുകൊണ്ട്, പേയ് ടി എം, അംബാനി, മാസ്റ്റർ-വിസ കാർഡ് സേവന ദാതാക്കൾ തുടങ്ങിയവർക്ക് വൻലാഭം നേടിക്കൊടുക്കാനുള്ള തന്ത്രപ്പാടിൽ, ഏത് ദരിദ്രർ? എന്ത് പട്ടിണി? എന്ത് മാൾക്കാൻഗിരി ശിശുമരണങ്ങൾ!

**************************************
ട്രെയിൻ വന്നത് പുലർച്ചെ 3 മണിക്ക്. കുറച്ചൊക്കെ ലേറ്റ് ആയാലും ഇങ്ങനെ ഒന്നും ചെയ്യരുത് സാറുമ്മാരെ!😢 8 മണിക്കൂർ ഒക്കെ സഹിക്കാൻ പറ്റാത്തതുകൊണ്ടാ..

November 21, 2016

വേർപെട്ട നിഴലുകൾ

നേർത്ത നിലാവ് പെയ്യുന്ന രാത്രിയുടെ ഏതോ യാമത്തിൽ ഓടിക്കിതച്ച് വരികയായിരുന്നു ഒരാൺ നിഴൽ. അകലെ പാലപ്പൂഗന്ധം ഒഴുകിവരുന്ന താഴ്വരയിലേക്ക് തനിച്ചിരുന്നുറ്റുനോക്കുന്ന ഒരു പെൺ നിഴലിനെ കണ്ട് അവൻ ഓട്ടം നിർത്തി. കിതച്ചുകൊണ്ട് തന്നെ നോക്കുന്ന ആൺ നിഴലിനെ കണ്ട പെൺനിഴൽ തെല്ലൊന്നു പരിഭ്രമിച്ചു. തന്നെത്തന്നെയാണ് അവൻ നോക്കുന്നതെന്നു തിരിച്ചറിഞ്ഞ്, അവൾ അവിടെ നിന്നെണീറ്റു നടക്കുവാൻ തുടങ്ങി.

"നിൽക്കൂ... ദയവ് ചെയ്തു പോകരുത്. ഞാൻ അപകടകാരിയല്ല. എനിക്ക് ഭയമാണ്. ഒറ്റപ്പെട്ട ഈ രാത്രിയിൽ മറ്റാരെയെങ്കിലും കണ്ടുമുട്ടാനായാണ് ഞാൻ നിൽക്കാതെ ഓടിയത്"

ആൺ നിഴൽ പറഞ്ഞു.

അവന്റെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. അവൻ പറഞ്ഞത് വകവയ്ക്കാതെ പെൺനിഴൽ യാത്ര തുടർന്നു.

"നിൽക്കൂ... ഞാൻ പറയുന്നത് സത്യമാണ്. എന്റെ ഉറ്റ തോഴനായിരുന്ന മനുഷ്യൻ എന്നെ കൈവിട്ടു. ആത്മഹത്യയായിരുന്നു. നിത്യമായ ഇരുട്ടിലേക്കയാൾ മറഞ്ഞപ്പോൾ ഞാൻ അനാഥനായി!"

പിന്നാലെ നടന്നുകൊണ്ട് അവൻ വിളിച്ചു പറഞ്ഞു.

അതുകേട്ട് പെൺനിഴൽ നടത്തം പതുക്കെയാക്കി. ആൺ നിഴൽ അവളുടെയൊപ്പമെത്തി. അവൾ അവനെ നോക്കി. അവന്റെ മുഖത്തെ ഭീതി അവൾ തിരിച്ചറിഞ്ഞു.

"നന്ദി...."

അവൻ പറഞ്ഞു.



"എന്താണ് നിന്റെ സുഹൃത്തിന് സംഭവിച്ചത്?"

അവൾ ചോദിച്ചു.

"അസ്തിക്ക് പിടിച്ച പ്രേമത്തിന്റെ കഥയാണ്. ഞാൻ മനസിലാക്കിയടുത്തോളം രണ്ടുപേർക്കും ആത്മാർത്ഥതയുണ്ടായിരുന്നു. എന്നാൽ പതിവ് നഷ്ടപ്രണയകഥകളിലേപ്പോലെ ഒടുവിലവൾ, മറ്റൊരുവനെ വിവാഹം കഴിച്ചു. അതോടെ അവൻ തകർന്നു. ആശ്വസിപ്പിക്കാൻ ഞാനൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ നമ്മൾ നിഴലുകളുടെ വാക്കുകൾ മനുഷ്യർ കേൾക്കില്ലല്ലോ..! എന്നെപ്പോലും ഒഴിവാക്കി അവൻ കുറേ

കാലം ഇരുട്ടിലിരുന്നു. പിച്ചും പേയും പറഞ്ഞു. എന്തൊക്കെയോ കടലാസുകളിൽ കുറിച്ചു. ഒരു ദിവസം അവൻ കെട്ടിത്തൂക്കി മരിച്ചു. അരണ്ട വെളിച്ചത്തിൽ അവന്റെ മൃതശരീരം തൂങ്ങിയാടുന്നത് കണ്ട് സഹിക്കവയ്യാതെയാണ് ഞാനോടിയത്"

ആൺ നിഴൽ പെൺ നിഴലിനെ നോക്കി. താൻ പറഞ്ഞതു കേട്ട് അവൾ എന്തൊക്കെയോ ആലോചിക്കുകയാണെന്ന് അവനു മനസിലായി.

"എന്താണ് നിനക്ക് സംഭവിച്ചത്, ഈ രാത്രിയിൽ നീ എങ്ങനെയാണ് ഒറ്റപ്പെട്ടത്?"

അവൻ ചോദിച്ചു."

"അത്.... ഞാനും ഭയന്നിറങ്ങി വന്നതാണ്. എന്നാൽ എന്റെ സുഹൃത്ത് മരിച്ചിട്ടില്ല. അവൾ മരിച്ചതു പോലെ ജീവിക്കുകയാണ്. തന്റെ നിഴലിനെപ്പോലും കൂടെ കൊണ്ട് നടക്കാൻ അവൾക്ക് കഴിയുന്നില്ല. അവൾ ബന്ധിതയാണ്. സ്വയം തീരുമാനമെടുക്കാൻ ഭയമുള്ളവൾ. നിഴൽ പോലെ നടക്കാൻ വിധിക്കപ്പെട്ടവൾ. ഒരു നിഴലിന്റ നിഴലാകണമായിരുന്നോ ഞാൻ? "

ആൺ നിഴൽ നിശബ്ദനായി അവൾ പറഞ്ഞത് കേട്ടു. എന്തുമറുപടി പറയണണമെന്ന് അവനറിയില്ലായിരുന്നു. പെൺ നിഴൽ തുടർന്നു.

"സ്നേഹിക്കാൻ മാത്രമേ അവൾക്കറിയൂ എന്നെല്ലാവരും പറയുമായിരുന്നു. എല്ലാത്തിനെയും അവൾ പ്രണയിച്ചു. എന്നാൽ ചട്ടക്കൂടിനുള്ളിലടയ്ക്കപ്പെട്ടാൽ മരിക്കുന്നതാണ് പ്രേമമെന്ന്‌ അവൾ തിരിച്ചറിഞ്ഞില്ല."

പെൺ നിഴൽ പറഞ്ഞു നിർത്തി.

"വാസ്തവമാണ്. സ്നേഹമില്ലാത്തിടത്ത് ജീവിതം അസഹനീയമാണ്, വെളിച്ചമില്ലാത്തിടത്തു നമുക്ക് അസ്തിത്വമില്ലാത്തത് പോലെ. പ്രേമമില്ലാതാകുമ്പോൾ പല നിഴലുകളും മാഞ്ഞുപോകും. എന്നെന്നേക്കുമായി.

ജീവനുള്ളവരിൽ നിന്ന് വേർപെട്ട, നമ്മൾ നിഴലുകൾക്ക് അല്പായുസാണ്. മുകളിൽ മേഘങ്ങൾ ഇപ്പോൾ നിലാവിനെ മറക്കും. ഇരുട്ടിലേക്ക് നമുക്ക് അലിഞ്ഞു ചേരാൻ ഇത് തന്നെയാണ് അവസരം."

ആൺനിഴൽ പറഞ്ഞു.

ഇരുട്ട് പറന്നു. അതിന്റ കാഠിന്യത്തിൽ നിഴലുകൾ രണ്ടും ലയിച്ചു. താഴ്വരയിലെ പാലപ്പൂക്കൾ ആർക്കോ വേണ്ടി പരിമളം പരത്തിക്കൊണ്ടേയിരുന്നു. രാത്രിയിൽ ഇനിയും നിഴലുകൾ വേർപെട്ടു വന്നേക്കുമെന്ന് അവയ്ക്ക് ഉറപ്പുള്ളതുപോലെ!

November 5, 2016

ഭാവി സുരക്ഷിതമാകട്ടെ

"മനുഷ്യവംശം നശിക്കാൻ പോകുന്നു. ഭൂമി വാസയോഗ്യമല്ലാതാകാൻ ഇനിയും അധികകാലം വേണ്ടി വരില്ല. നമ്മുടെ സ്പീഷിസിനെ നിലനിർത്തുക എന്നത് നമ്മുടെ കടമയാണ്. അതിനു വേണ്ടി ബഹിരാകാശ പര്യവേഷണത്തിനും ഗോളാന്തര യാത്രകൾക്കും വലിയ പ്രാധാന്യം നാം കൊടുക്കണം."

(Courtesy: Signature-reads)

ഭരണകർത്താക്കളും സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ചേർന്ന് സുപ്രധാനമായ ആ തീരുമാനം എടുത്തു.

"സാർ, നാളെയെക്കുറിച്ചു വ്യാകുലപ്പെടുന്നതിനു മുൻപ് ഇന്നിനെ നല്ലാതാക്കേണ്ടേ ? ഭൂമിയിൽ കോടിക്കണക്കിനു മനുഷ്യർ കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, പാർപ്പിടമില്ലാതെ ജീവിക്കുന്നു. ശീതീകരിച്ച മുറികളിലുരുന്നു നാം ഭാവിയെ നോക്കുമ്പോൾ കൊതുകുകടിയേറ്റ്‌ ഒരു കൂട്ടം കുഞ്ഞുങ്ങൾ മണ്ണെണ്ണ വെളിച്ചത്തിൽ പാഠങ്ങൾ ഉരുവിടുന്നു. പര്യവേഷണങ്ങൾക്കായി മാറ്റി വെക്കുന്നതിൽ ഒരംശം അവരുടെ ജീവിതത്തിനും ഉന്നമനത്തിനും വേണ്ടി ചിലവാക്കിക്കൂടെ. അവരും കൂടി ചേർന്നതല്ല സാർ മനുഷ്യ വംശം ?"
മനുഷ്യാവകാശ പ്രവർത്തകർ ഇങ്ങനെ പ്രതികരിച്ചു. അല്ലേലും അവരങ്ങനെയാണല്ലോ. വികസന വിരോധികൾ. എന്ത് പരിപാടി ആസൂത്രണം ചെയ്താലും വന്നോളും ശോഷിച്ച പിള്ളേരുടെ ചിത്രങ്ങൾ ഉയർത്തിക്കൊണ്ട്.

"എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്. മനുഷ്യ വംശമില്ലെങ്കിൽ ദരിദ്രനും കോടീശ്വരനുമില്ലെന്നോർക്കണം. ഭൂമിക്കു പുറത്തു വാസയോഗ്യമായ ഗ്രഹം നാം ഉടനെ കണ്ടെത്തും. അതിനു ശേഷം നമുക്ക് പരമ ദരിദ്രരെ സഹായിക്കാം"
അധികാരികൾ പറഞ്ഞു.

"അങ്ങനെ ഒരു ഗ്രഹം കണ്ടെത്തുന്നതെന്നാണ്? എത്ര കാലമെടുക്കും? അതുവരെ പോഷകാഹാരമില്ലാതെ കുഞ്ഞുങ്ങൾ മരിച്ചോട്ടെ എന്നാണോ?"

മനുഷ്യാവകാശക്കാർ ചോദിച്ചു.

തർക്കം നീണ്ടുപോയി. ഒടുവിൽ ഗോളാന്തര യാത്രക്കാരുടെ തലവൻ ജലപാനമില്ലാതെ സമരം തുടങ്ങി. മനുഷ്യാവകാശപ്രവർത്തകരെ നാടായ നാടൊക്കെ കുറ്റപ്പെടുത്തി. അവസാനം മനുഷ്യർക്കുവേണ്ടി കഷ്ടപ്പെട്ട ഒരാളുടെ മരണം ഉണ്ടാകാതിരിക്കാൻ മനുഷ്യാവകാശികൾ വായടച്ചു.

അവർ പാവപ്പെട്ടവരെ തങ്ങളാൽ ആവുന്നതുപോലെ സഹായിച്ചു. ദുരിതവും പട്ടിണിയും എന്നിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. പുത്തൻ ഗ്രഹങ്ങളെ കണ്ടെത്തിയ പര്യവേഷകരും ഭരണകൂടങ്ങളും ഇന്നും പണം മുടക്കിക്കൊണ്ടേയിരിക്കുന്നു. ബഹിരാകാശ മത്സരങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ചൊവ്വയിൽ വെള്ളം തേടി യാത്ര ചെയ്യുമ്പോൾ ശുദ്ധ ജലം കിട്ടാതെ അനേകർ ഇന്നും മരിച്ചു വീഴുന്നു.

അവസാനത്തെ ചെടി

"മലയിറങ്ങി അപ്പുറത്തെത്തികഴിഞ്ഞാൽ, പിന്നെയധികദൂരമില്ല. കുറച്ച് നടന്നാൽ മതി. അതിന് മുമ്പ് സിലിണ്ടറിലെ ഓക്സിജൻ തീർന്ന് പോകാതെ നോക്കണം"

അച്ഛൻ പറഞ്ഞത് അവളോർത്തു. അച്ഛനും മകളും ചേർന്നാണ് ആ വലിയ കുന്ന് കയാറാൻ തുടങ്ങിയത്. പക്ഷേ, കയറി ഇറങ്ങി ഇപ്പുറത്തെത്തിയപ്പോൾ അവൾ ഒറ്റക്കായി. അച്ഛൻ മലയിൽ വീണുപോയി.

ദിവസം അവസാനിക്കാൻ പോകുന്നു. ചുട്ടുപഴുത്ത സൂര്യൻ മലയ്‌ക്കു പിറകിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു. ഇരുട്ട് പരക്കാൻ ഇനി അധിക സമയമില്ല. രാത്രി ഉറങ്ങാൻ ശ്രമിക്കരുതെന്നാണ് അച്ഛൻ പറഞ്ഞത്. ഉറങ്ങിയാൽ അങ്ങെത്തുന്നതിന് മുമ്പ് വായുവും വെള്ളവും തീർന്നു പോകും. കിഴക്കോട്ട് ഇനിയുമെത്ര പോകണമെന്നറിയില്ല. പക്ഷേ മരിക്കുന്നതിന് മുമ്പ് ലക്ഷ്യത്തിലെത്തുമെന്ന് അവൾക്ക് ഉറപ്പുണ്ട്. അച്ഛനാണ് ആ പ്രതീക്ഷയും തന്നത്. തന്നാലാവും വിധം വേഗത്തിൽ അവൾ നടന്നുകൊണ്ടേയിരുന്നു.

ഇരുട്ട് പരക്കുംതോറും അന്തരീക്ഷം തണുപ്പിലേക്കാഴാൻ തുടങ്ങി. അതൊന്നും അവളെ ബാധിച്ചതേയില്ല. തണുപ്പോ ചൂടോ ഏല്പിക്കാത്ത പ്രത്യേക കുപ്പായമാണ് അവൾ ധരിച്ചിരിക്കുന്നത്. ഇരുട്ട് കനക്കുകയാണ്. നിശബ്ദമായ ഇരുട്ട്. ചീവിടുകളുടെ ശബ്ദമില്ല. രാത്രിഞ്ചരരായ പക്ഷികളുടെ ചിലപ്പൊന്നും കേൾക്കുന്നുമില്ല. എന്തിന്? ഒരിലയനക്കം പോലുമില്ല. എങ്ങനെയുണ്ടാകാൻ? മണ്ണിൽ ഒരു ചെറു ചെടിയെങ്കിലും അവശേഷിക്കേണ്ടേ? മുച്ചൂട് പിഴുതെറിഞ്ഞില്ലേ? സകലതും തകർത്ത് തരിപ്പണമാക്കിയില്ലേ? തഴുകിയാശ്വസിപ്പിക്കാൻ മേനി തേടി കാറ്റൊഴുകി വന്നു. പതുക്കെയാണ് കാറ്റു വീശുന്നത്. ആരെയും കാണാതെ, അലഞ്ഞലഞ്ഞ് കാറ്റും തളർന്നു പോയോ?

ഇരുട്ടിൽ കണ്ണുകാണുന്നില്ല. കാലു കഴയ്ക്കുന്നുമുണ്ട്. യാത്ര തുടർന്നാൽ വഴി തെറ്റിപ്പോയേക്കും അല്ലെങ്കിൽ എവിടെയെങ്കിലും വീണുപോയേക്കും എന്നവൾക്ക് തോന്നി.

"വീഴുന്നെങ്കിൽ വീഴട്ടെ, പക്ഷേ തെറ്റായ ദിക്കിലേക്ക് പോകരുത്."

ഉത്കണ്ഠ അവളിൽ ഭയമുളവാക്കാൻ തുടങ്ങി. ഓക്സിജൻ തീർന്നു ശ്വാസം മുട്ടി മരിക്കുന്നതിനെക്കുറിച്ചായിരുന്നു പിന്നെ അവളുടെ ചിന്ത. അങ്ങനെ മരിച്ച തന്റെ പിതാവിനെക്കുറിച്ചും കൂടെയുണ്ടായിരുന്നവരെക്കുറിച്ചും അവളോർത്തു.

"ചാകുന്നെങ്കിൽ ചാകട്ടെ! അച്ഛനും അമ്മയും കൂട്ടുകാരും പോയി. ഞാൻ മാത്രായിട്ടെന്തിനാ ജീവിക്കുന്നെ. ചെല്ലാൻ പോകുന്നിടത്ത് ആർക്കാ എന്നെയറിയുക?"

അവൾ നടത്തം നിർത്തി. നെടുവീർപ്പിട്ടു. വെള്ളവും ഭക്ഷണവും അടങ്ങിയ ബാഗ് നിലത്തുവച്ചു. കൈകൾ കാൽമുട്ടിൽ വച്ച് മുന്നോട്ടാഞ്ഞ് കുറച്ചു നേരം നിന്നു. മരിച്ചുപോയാലും വെളിച്ചം വീഴാതെ ഇനി യാത്രയില്ലെന്ന് മനസ്സിലുറപ്പിച്ച് അവൾ നിലത്തിരുന്നു. പതുക്കെ പിന്നോട്ടു ചാഞ്ഞു.

ആകാശത്തേക്ക് കണ്ണും നട്ട് അവൾ മണ്ണിൽ കിടന്നു. കറുത്ത വാവാണ്. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറേ നക്ഷത്രങ്ങൾ മാത്രമേ ആകാശത്തുള്ളു. ഇടക്ക് കണ്ണു ചിമ്മുകയെന്നല്ലാതെ രാത്രി യാത്രികർക്ക് വെളിച്ചം നൽകാൻ അവയ്ക്കാകില്ലല്ലോ! മരിച്ചു പോയവരാണ് നക്ഷത്രങ്ങളാകുന്നതെന്ന് പണ്ടാരോ പറഞ്ഞിരുന്നു. ആകാശത്തെ നക്ഷത്രങ്ങളാണോ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചവരാണോ കൂടുതൽ? നക്ഷത്രങ്ങളാകും കൂടുതൽ. അവയും ജനിച്ചു ജീവിച്ചു മരിക്കുകയാണല്ലോ! മനുഷ്യനുണ്ടാകുന്നതിന് വളരെ മുമ്പേ അവയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. നക്ഷത്രങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്ന് അവൾക്ക് തോന്നി. ഒന്നുമില്ലെങ്കിലും ഒറ്റക്കല്ലല്ലോ. കൂടെയുള്ളവരെയെല്ലാം കാണാനും പുഞ്ചിരിക്കാനും അവയ്ക്കാകുന്നുണ്ടല്ലോ.

തന്നെപ്പോലെ ചെറിയ പ്രായത്തിൽതന്നെ സകലരെയും നഷ്ടപ്പെട്ടവരെക്കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. യുദ്ധത്തിന്റെ അവശേഷിപ്പുകളാണത്രേ അവർ. എന്താണീ യുദ്ധം? തോക്ക്, പീരങ്കി, മുങ്ങിക്കപ്പൽ, പോർവിമാനം, അണുബോംബ് ഇവയൊക്കെ എന്താണാവോ?

കാടും മഴയും അവൾ കണ്ടിട്ടില്ല. പൂവും പുഴുക്കളും അവൾക്ക് കേട്ടറിവ് മാത്രമാണ്. നാടും നഗരവും നശിച്ച് ഇടിത്തീവീണില്ലാതായിട്ട് വർഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു. അവൾ ജനിക്കുന്നതിന് വളരെക്കാലം മുമ്പാണത് നടന്നത്.

പണ്ട് ഒന്നായിരുന്ന രണ്ടു രാജ്യങ്ങൾ തമ്മിൽ, അതിർത്തിയുടെ പേരിലാണ് യുദ്ധം തുടങ്ങിയത്. വിഭജനകാലം മുതൽക്കേ അതിർത്തിയിലെ ആ മണ്ണിൽ ചോരച്ചാലുകൾ ഒഴുകിക്കൊണ്ടിരുന്നു. അവിടുത്തെ ജനങ്ങൾക്ക് സമാധാനത്തിനു പകരം ഭൂപടത്തിൽ ഒരു സ്ഥാനം കൊടുക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിച്ചത്. സൗകര്യങ്ങളും വികസനവും നൽകാതെ ഇരുട്ടും ഭയവും നൽകി. ഒരു ഭാഗത്തു നിന്ന് ഭീകരതയും മറുഭാഗത്തുനിന്ന് അടിച്ചമർത്തലും അവരേറ്റുവാങ്ങി. തർക്കങ്ങൾ, വെല്ലുവിളികൾ, സംഘർഷങ്ങൾ! എല്ലാമവസാനിച്ചത് യുദ്ധത്തിലാണ്. അതിഭീകരയുദ്ധം. രാജ്യങ്ങൾ പക്ഷം ചേർന്നു. മഹായുദ്ധത്തിന് കാഹളം മുഴങ്ങി. വിമാനങ്ങൾ ചീറിപ്പാഞ്ഞു. യുദ്ധക്കപ്പലുകൾ തീരങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ടാങ്കുകൾ തീ തുപ്പി. കരയും കടലും ആകാശവും വിറകൊണ്ട ഘോരയുദ്ധം. ആറ്റം ബോംബുകൾ വർഷിക്കപ്പെട്ടു. യുദ്ധക്കൊതിയന്മാരും സമാധാനകാംക്ഷികളും മരിച്ചു വീണു. പാവപ്പെട്ടവനും പണക്കാരനും എരിഞ്ഞില്ലാതായി. വർണ-ലിംഗ-ജാതി സ്വത്വങ്ങളൊന്നും പരിഗണിക്കാതെ യുദ്ധം മരണം വിതച്ചു. വളർത്തു മൃഗങ്ങളും തെരുവ് നായ്ക്കളും മീനുകളും പൂമ്പാറ്റകളും ചത്തുമലച്ചു. വനങ്ങൾ കത്തിചാമ്പലായി. ഗ്രാമങ്ങളും നഗരങ്ങളും നാമാവശേഷമായി.

എല്ലാം തകർന്നപ്പോൾ യുദ്ധമവസാനിച്ചു. അന്തരീക്ഷം കറുത്ത പുകകൊണ്ട് മൂടി. അവശേഷിച്ചവരുടെ അലമുറകളായി ശബ്ദകോലഹളങ്ങൾ ഒതുങ്ങി.

രാജ്യാതിർത്തികൾ ഭൂപടത്തിലെ വരകൾ മാത്രമായി. കുടിവെള്ളമുള്ളിടത്തേക്ക് രക്ഷപ്പെട്ടവർ പാലായനം ചെയ്തു. സംഘങ്ങളായി പലയിടത്ത് അവർ താമസിച്ചു. അവശേഷിപ്പുകളിൽ നിന്ന് അവർ ഒരു കൃത്രിമജീവിതം പടുത്തുയർത്തി. വെള്ളം ശുദ്ധീകരിച്ചു. വായു ശുദ്ധീകരിച്ചു. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി. പുതിയ തലമുറകളെ സൃഷ്ടിച്ചു.

പക്ഷേ, ഭൂമി പഴയ പടിയായില്ല. മഴ കുറഞ്ഞു. ഉറവകൾ വറ്റി. സമുദ്രങ്ങൾ കരയെടുത്തു. ചൂട് കൂടി വന്നു. വായുവും വെള്ളവും മലിനപ്പെട്ടുകൊണ്ടേയിരുന്നു. ജനിച്ചു വീണ ഏറിയ പങ്കും തൽക്ഷണം മരിച്ചു. വൈകല്യങ്ങളുമായി കുറപ്പേർ ജീവിച്ചു. ആരോഗ്യമുള്ളവർ പോലും യൗവനത്തോടെ രോഗങ്ങളെ വരിച്ചില്ലാതായി.

കൂടെയുള്ളവർ എല്ലാവരും മരിച്ചു. ശുദ്ധജലവും ഓക്സിജനും തീരാറായപ്പോഴാണ് അയാൾക്ക് കിഴക്കൻ മലയുടെ അക്കരെ മനുഷ്യവാസമുണ്ടെന്ന ബോധമുദിച്ചത്. പണ്ട് അച്ഛനപ്പൂപ്പന്മാർ അവിടെ പോയി തിരിച്ചു വന്നിട്ടുണ്ട്. കുന്നിടിച്ചിലുകൾ കൂടുതലായപ്പോഴാണ് യാത്രകൾ നിലച്ചത്. പിന്നീട് അതിവരൾച്ചയിൽ താഴ്വാരങ്ങൾ മരുനിലങ്ങളായി രൂപാന്തരപ്പെട്ടു. പക്ഷേ, അകലെ നിന്ന് പുകയുയരുന്നത് പലപ്പോഴും അയാൾ കണ്ടിട്ടുണ്ട്. കുന്നിനപ്പുറം മനുഷ്യവാസമുണ്ടെന്ന് ഉറപ്പിച്ചുകൊണ്ടാണ് തന്റെ പത്തു വയസുകാരിയായ മകളുമായി അയാൾ യാത്ര തുടങ്ങിയത്. അവശേഷിച്ച സിലിണ്ടറുകളും ഭക്ഷണവും വെള്ളവും പേറി കുറെ നാൾ സഞ്ചരിച്ചു. മലയടിവാരത്തിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്നതൊക്കെ തീരാറായിരുന്നു. അപകടങ്ങൾ പതിയിരിക്കുന്ന വഴികളിലൂടെ അവർ പ്രതീക്ഷയുടെ മലകയറി.

ഓക്സിജൻ തീരുന്നത് അയാൾ തിരിച്ചറിഞ്ഞു. പറ്റുന്നത്ര മുന്നോട്ട് നടന്നെങ്കിലും അയാൾ വീണുപോയി.

"മകളേ, നീ കരയരുത്. ഒറ്റക്കാണെന്നോർത്ത് ഭയക്കരുത്. അവശേഷിക്കുന്ന ഓക്സിജൻ കൊണ്ട് നമുക്ക് രണ്ടുപേർക്കും ലക്ഷ്യത്തിൽ എത്താനാവില്ല. നീ തനിച്ചു പോകണം. അച്ഛനെ നോക്കണ്ട. എന്ത് വന്നാലും നീ അവിടെ എത്തിച്ചേരണം അയാൾ പറഞ്ഞു.

അച്ഛന്റെ അവസാന വാക്കുകളാണ് അവളെ പിന്നെ നടത്തിയത്. ഒറ്റക്ക് അവൾ മലകടന്നു.

നക്ഷത്രങ്ങൾ പുഞ്ചിരി തുടർന്നു. ഓർമകളെ തഴുകി അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു. ദിവസങ്ങളെടുത്ത കഠിനപ്രയത്നങ്ങളുടെ ക്ഷീണം അവൾക്ക് ഗാഢനിദ്ര കൊടുത്തു.

ചൂടുള്ള വെയിൽ പരത്തിക്കൊണ്ട് വീണ്ടുമൊരു പുലരി വന്നു. മുഖത്ത് വെയിൽ തട്ടിയാണ് അവളുണർന്നത്.

"ഇല്ല. മരിച്ചിട്ടില്ല."

അവൾ ചാടിയെണീറ്റുന്നു. ബാഗ് കയ്യിലെടുത്ത് വേഗത്തിൽ നടന്നു. പുതിയ പ്രഭാതം പ്രതീക്ഷയുടെ പുതിയ നാമ്പായാണ് വന്നത്. ആരോ ചിലർ തന്നെക്കാത്ത് ദൂരെയെങ്ങോ നിൽക്കുന്നതായി അവൾക്ക് തോന്നി. ഉറക്കച്ചടവോ വിശപ്പോ ദാഹമോ വകവയ്ക്കാതെ അവൾ നടന്നു.

അകലെയകലെ പൊട്ടുവലിപ്പത്തിൽ എന്തോ കാണുന്നു. മനുഷ്യവാസകേന്ദ്രങ്ങൾ! അതു മനസ്സിലാക്കിയ നിമിഷം അവൾക്ക് അടക്കാനാവാത്ത സന്തോഷമുണ്ടായി.

"അച്ഛാ ഞാനെത്താറായി. അച്ഛൻ പറഞ്ഞപോലെ അവിടെയവരുണ്ട്" പിന്നിലേക്ക് നോക്കി അവൾ പറഞ്ഞു. ഒറ്റയോട്ടത്തിന് അങ്ങോട്ട് ചെല്ലാൻ അവൾക്കു തോന്നി. പക്ഷേ ഓടിക്കിതച്ചാൽ കൂടുതൽ ശ്വസിക്കേണ്ടിവരും. അതുകൊണ്ട് സാധാരണ വേഗതയിൽ തന്നെ അവൾ നടന്നു.

കൊച്ചു വീടുകൾ അടുത്തടുത്തുള്ളൊരു കോളനിയിലാണ് അവൾ ചെന്നെത്തിയത്. പലതിനും മേൽക്കൂരയില്ല. മുന്നിൽ ആരെയും കാണുന്നില്ല. പിറകിലേക്ക് എത്രയത് വ്യാപിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും പറ്റുന്നില്ല. അവളുറക്കെ നിലവിളിച്ചു.

"ഇവിടെയാരുമില്ലേ......?"

മറുപടിയൊന്നും കേട്ടില്ല. വീണ്ടും വീണ്ടും അലമുറയിട്ടു. ഒരനക്കം പോലുമില്ല. കോളനിക്കുള്ളിൽ കയറി വീടുകളിൽ പരിശോധിച്ചു. കാലപ്പഴക്കമുള്ള ആഹാരവസ്തുക്കൽ പലവീടുകളിലുമുണ്ട്. സാധനങ്ങൾ ചിതറിക്കിടക്കുന്നു. ഒടുവിലത്തെ വീടുകളിൽ വസ്ത്രമണിഞ്ഞ അസ്ഥികൂടങ്ങൾ കൂട്ടമായി കിടക്കുന്നു. വീടുകൾക്കപ്പുറം കുഴഞ്ഞുവീണു മരിച്ചവരുടെ എല്ലുകൾ. ഓടിരക്ഷപ്പെട്ടവർ പോലും വീണുമരിച്ചിരിക്കുന്നു. ജീവൻ തുടച്ചു നീക്കിക്കൊണ്ടാണ് വർഷങ്ങൾക്കുമുമ്പേതോ കൊടുങ്കാറ്റ് വീശിയൊടുങ്ങിയത്!

പ്രതീക്ഷകൾ കൈവിട്ട് പോയിരിക്കുന്നു. ഇനിയെങ്ങോട്ട് പോകണമെന്ന് അവൾക്കറിയില്ല. കത്തുന്ന സൂര്യനു താഴെ മരുഭൂമിയിൽ അവളിരുന്നു.

Image result for last plant
(Image Courtesy: deviantart)

മൃതശരീരങ്ങൾക്കിടയിൽ ഈർപ്പം കെട്ടിനിന്നിടത്ത് ഒരു ചെടി മുളച്ചിട്ടുണ്ടായിരുന്നു. വേരുകൾ വെള്ളത്തിനായി പരതുന്ന, നിവർന്നു നിൽക്കാൻ ആരോഗ്യമില്ലാത്ത ആ കൊച്ചു ചെടി കഠിനമായ ചൂടിൽ മുരടിച്ചു വളരുന്നു. മനുഷ്യരായി പിറന്ന മക്കളെല്ലാം ചേർന്ന്, പെറ്റാലും പോറ്റാനാവതില്ലാതാക്കിയ ഭൂമിയമ്മയുടെ മടിയിലാണ് താൻ പിറന്നുവീണതെന്നറിയാതെ ആ ചെടി നിന്നു. ഏതു നിമിഷവും സംഭവിക്കാവുന്ന മരണത്തെയും കാത്ത്.

പഴയ ഒരുരൂപ നാണയം പറഞ്ഞ കഥ

ഠപ്പേ...

"കാണിക്കയിട്ട പൈസയെടുക്കുന്നോടാ? ഓട്രാ..."

പൂഴിമണ്ണിൽ പൂണ്ടുകിടന്നൊരു നാണയം കുനിഞ്ഞെടുത്ത യാചകനെ ഒരു വിശ്വാസി ആട്ടിപ്പായിച്ചു. റോഡരികിലെ കാണിക്കവഞ്ചിയിലേക്ക് ആരോ വലിച്ചെറിഞ്ഞ പഴയ നാണയത്തുട്ട്, മണ്ണിൽ പതിഞ്ഞ് കിടക്കുകയായിരുന്നു. യാദൃശ്ചികമായാണ് ആ ഭിക്ഷക്കാരൻ അതുകണ്ടത്. നാണയത്തിൽ തൊടുന്നതിന് മുമ്പേ അടിവീണു, മുതുകത്ത്. പുളയുന്ന വേദനയോടെ അയാൾ ഏതോ ദിക്കിലേക്ക് പാഞ്ഞു. ആത്മനിർവൃത്തിയോടെ നാണയം കാണിക്ക വഞ്ചിയിലേക്കും. വിശ്വാസിയാകട്ടെ ദൈവത്തെ വണങ്ങി പതുക്കെ നടന്നകന്നു.

"അവിടെ നിൽക്ക്. താനെന്ത് മണ്ണാങ്കട്ടയാടോ പടച്ചു വിടുന്നത്?" ഒരശരീരി.

ശബ്ദമെവിടെ നിന്നാണ് വരുന്നതെന്നറിയാൻ ഞാൻ ചുറ്റും നോക്കി. ഉറവിടം മനസ്സിലാക്കിയപ്പോൾ അത്ഭുതസ്തബ്ധനായി. മേശയിലിരിക്കുന്ന ഒരു പഴയ ഒരു രൂപ നാണയം ദേഷ്യത്തോടെ എന്നെ നോക്കുന്നു.

"തനെന്താ ഇങ്ങനെ നോക്കുന്നെ? ഒരു നാണയം എങ്ങനെ സംസാരിക്കുമെന്നോർത്തിട്ടാണോ? എടോ മണ്ടാ, നാലാം ക്ലാസ്സിൽ വച്ച് ദിവാകരൻ മാഷ് പറഞ്ഞ കടങ്കഥ താൻ മറന്നോ?"

Image result for old one rupee
(Image courtesy: Dimple Coins Collection)

ഞാൻ ഓർമയെ നാലാം ക്ലാസ്സിലേക്ക് പായിച്ചു. ദിവാകരൻ എം,മാഷിനെ ഓർമിച്ചു. അങ്ങേരുടെ കയ്യിലെ ചൂരലിനെ ഓർമിച്ചു. അതുകൊണ്ട് കിട്ടിയ അടിയുടെ ചൂടിനെയും ഓർമിച്ചു. എത്ര ഓർത്തിട്ടും കടങ്കഥ മാത്രം ഓർക്കുന്നില്ല. മറന്ന ഭാവം മുഖത്ത് കൊണ്ടുവരാതെ ഞാൻ അനക്കമറ്റിരുന്നു.

"ദിവാകരൻ മാഷ് ക്ലാസ്സിലൊരു നാണയമെടുത്ത് കുട്ടികളെ കാണിച്ച ആ ദിവസമൊന്നോർത്ത് നോക്ക്." നാണയം പറഞ്ഞു.

"തലയുണ്ട് വാലുണ്ട് ഉടലില്ല ഞാനാര്?" എന്റെയുള്ളിലെ കടങ്കഥയുടെ ചുരുളഴിഞ്ഞു.

"അതുതന്നെ...! ആ ചോദ്യത്തിനുത്തരമായ അതേ ഒരു രൂപ നാണയമാണ് ഞാൻ" ഞാൻ ഞെട്ടി നിൽക്കുകയാണ്. സംസാരിക്കുന്ന ഒരു നാണയം! അതിനെ കാണുന്നതിന്റെ ഷോക്ക് മാറാതെ നിൽക്കുമ്പോളാണ് ഞാൻ മറന്നുപോയ എന്റെ സ്‌കൂൾ കഥകളും അതു പറയുന്നത്.

"ആ സംഭവവും നിന്റെ സംസാരശേഷിയും തമ്മിലെന്താ ബന്ധം?" ഞാൻ പ്രരിഭ്രമത്തോടെ ചോദിച്ചു.

"തലയെന്നു പറഞ്ഞാൽ വായും നാക്കും ഒക്കെയുണ്ടെടോ..!" നാണയം പറഞ്ഞു.

"ശരിയാണല്ലോ? ഇത്ര ചെറുതായകൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല. അതിരിക്കട്ടെ, ഞാനെഴുതിയതിനെന്താ കുഴപ്പം?"

എന്റെ ചോദ്യത്തിനുത്തരമായി ഒരു രൂപ തന്റെ കഥ പറയുവാൻ തുടങ്ങി.

"എവിടെയാ ജനിച്ചതെന്നോർമായില്ല. നന്നേ ചെറുപ്പത്തിൽ തന്നെ ബാങ്കുകൾ കയറിയിറങ്ങുകയായിരുന്നു. പെട്ടെന്നൊരു ദിവസം കമ്പോളത്തിലേക്കിറങ്ങി. ടെക്സ്റ്റൈൽസ് ഷോപ്പുകൾ, പലചരക്കുകടകൾ, ചന്ത എന്നിങ്ങനെ പലയിടത്തും ഞാനാലഞ്ഞു, ഒരു ഭ്രാന്തനെപ്പോലെ! ശബറോം കി സിന്ദഗി ജോ കഭി...... അല്ലെങ്കിൽ വേണ്ട ആ ഡയലോഗ് പറയുന്നില്ല. ദിവാകരൻ മാഷ് ചന്തയിൽ നിന്നെന്നെ വീട്ടിൽ കൊണ്ടു ചെന്നപ്പോ അങ്ങേരുടെ മോൾ അമ്മുക്കുട്ടി ആറാം തമ്പുരാൻ കണ്ടോണ്ടിരിക്കുവാരുന്നു. അമ്മുക്കുട്ടി എന്നെ അവളുടെ മൺകുടുക്കയിൽ അടക്കുന്നതിനു മുമ്പ് ഞാൻ മാഷിനോടൊപ്പം സ്‌കൂളിൽ വന്നിരുന്നു. കുടുക്കജയിലിന്റെ ഇരുട്ടിൽ ഞാൻ ഇരുപത് വർഷം കിടന്നു. വഞ്ചകി അമ്മുക്കുട്ടി..! അവളാ കുടുക്ക തട്ടിൻപുറത്ത് ഉപേക്ഷിച്ചു. പെറ്റിക്കോട്ടിട്ട് ഓടിനടന്നവൾ വളർന്നു വലുതായിക്കഴിഞ്ഞ് വന്നാ ആ കുടുക്ക പൊട്ടിച്ചത്. സ്വാതന്ത്ര്യത്തിന്റെ പുതിയ ശ്വാസവും ആകാശവും കിട്ടിയതിന്റെ സന്തോഷം കൊണ്ട് രണ്ട് സ്റ്റെപ്പിടണമെന്ന് എനിക്ക് തോന്നി. പക്ഷേ വയസായിപ്പോയില്ലേ; അനങ്ങാൻ പോലും പറ്റുന്നില്ല.

സ്വാതന്ത്ര്യം ഒരു ദുരന്തമായിരുന്നു. പഴയ ആൾക്കാരെ ഒന്നും കാണുന്നില്ല. എല്ലാരും ന്യൂ ജെനറേഷൻ. ഫ്രീക്കൻമാരായ പുതിയ കോയിനുകൾ. എല്ലാരും അടിച്ച പൊളിച്ചു ജീവിക്കുന്നു. എന്നാലും കടകൾ കയറിയിറങ്ങുന്ന പഴയ പരിപാടി ഞാൻ പുനരാരംഭിച്ചു.

ഏതോ ഒരു ഷോപ്പിംഗ് മാളിൽ നിന്നാണ് ലിറ്റിൽ സ്റ്റാർസ് പബ്ലിക് സ്‌കൂളിലെ ഷീലടീച്ചർക്ക് എന്നെ കിട്ടിയത്. ടീച്ചറുടെ കൂടെയും ഞാൻ ക്ലാസിൽ പോയി. യു കെ ജി ബിയിൽ. കുഞ്ഞു കുട്ടികളായിരിന്നു അവിടെ. നല്ല അനുസരണയുള്ള കുട്ടികൾ. നിങ്ങടെ നാലാം ക്ലാസ്സിലെപ്പോലെ ചെളിപിടിച്ച യൂണിഫോമിട്ട് ഓടിനടക്കുന്ന പിള്ളേരല്ല, ടൈ ഒക്കെ കെട്ടി ഷൂസൊക്കെ ഇട്ട് വൃത്തിക്ക് നടക്കുന്ന കുട്ടികൾ.

"ഐ ഹാവ് എ ഹെഡ്, ഐ ഹാവ് എ ടെയിൽ, ബട്ട് ഐ ഡോണ്ട് ഹാവ് എ ബോഡി, ഹു ആം ഐ?" എന്ന ടീച്ചറുടെ ചോദ്യത്തിന് കുട്ടികളെല്ലാം ഒരേ ശബ്ദത്തിൽ 'കോയിൻ' എന്നുത്തരം പറഞ്ഞു. കണ്ടോ..! ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ എന്ത് ബുദ്ധിയാ.. നിങ്ങളെപ്പോലൊന്നുമല്ല.

( ഒരു രൂപ കാണാതെ ഞാൻ ചിരിച്ചു. ചേച്ചീടെ മോൻ ലിറ്റിൽ സ്റ്റാർസിൽ യു കെ ജിയിലാ പഠിക്കുന്നത്..! അവൻ കഴിഞ്ഞ ദിവസം എന്റെ ലാപ്‌ടോപ്പിൽ കോയിനുകളുടെ ചിത്രങ്ങൾ സേർച്ച് ചെയ്തതെന്തിനാണെന്ന് എനിക്ക് മനസിലായി. ഷീല ടീച്ചർ തലേന്ന് തന്നെ കടങ്കഥ ചോദ്യം ഹോം വർക്ക് ആയി നൽകിയിരുന്നു.)

പിന്നെ ഞനുൾപ്പെടെയുള്ള പല നാണയങ്ങളെ എടുത്ത് ടീച്ചർ കുട്ടികളെ കാണിച്ചു.

വൈകുന്നേരം ഷീല ടീച്ചറോടും യാത്ര പറഞ്ഞ് അവരുടെ ഫ്ലാറ്റിൽ തുണി തേക്കാൻ വരുന്ന ബംഗാളി ഭായിയുടെ കൂടെ ഞാനറിങ്ങിപ്പോയി. പിന്നെ മൊബൈൽ ഫോൺ കടയിൽ പോയി, ബാറിൽ പോയി, തീയറ്ററിൽ പോയി.

അങ്ങനെ ഒരു ദിവസം ഒരു ബസ് യാത്രയിലാണ് ഞാൻ ആ കവലയിൽ ചെല്ലുന്നത്. അവിടെ സ്റ്റോപ്പില്ലായിരുന്നു. എന്നെ പോക്കറ്റിലിട്ടിരുന്ന ചേട്ടന് എന്നോട് എന്തോ വൈരാഗ്യമുണ്ടാരുന്നെന്ന് തോന്നുന്നു. എടുത്ത് ഭണ്ഡാരപ്പെട്ടിക്ക് നേരെ ഒറ്റയേറ്. ടാറിട്ട റോഡിൽ മൂക്കും കുത്തി വീണ ശേഷം തെറിച്ച് പൊടിമണ്ണിലേക്ക് താഴ്ന്നു. രണ്ടു ദിവസം വേദനകൊണ്ട് പുളഞ്ഞ് അവിടെ കിടന്നു.

"ഈ ഒരു രൂപകൂടിയുണ്ടെങ്കിൽ പത്ത് രൂപയാകും. എന്തേലും വാങ്ങിക്കഴിക്കാം" എന്ന് പറഞ്ഞാണ് ആ യാചകൻ എന്നെ എടുത്തത്. പാവം..! അവശനായിരുന്നെങ്കിലും അയാളുടെ മുഖം സന്തോഷംകൊണ്ട് വികസിച്ചിരുന്നു.

അപ്പോഴാണ് താൻ എഴുതികൊണ്ടിരുന്ന ആ സംഭവമുണ്ടാകുന്നത്. ഏതോ ഒരുത്തൻ വന്ന്‌ ആ പാവത്തിനെ അടിച്ചുവീഴ്ത്തി. എന്നെ എടുത്ത് കാണിക്കവഞ്ചിയിലേക്കും എറിഞ്ഞു. താനെഴുതിയല്ലോ ആത്മനിർവൃതിയെന്ന്. ഇതിലെനിക്ക് എവിടെയാടോ നിർവൃതി?

എന്തായാലും എല്ലാ ആഴ്ചയിലും ആ കാണിക്കവഞ്ചി തുറക്കുന്നത്കൊണ്ട് അധികനാൾ എനിക്കവിടെ കിടക്കേണ്ടിവന്നില്ല. നൂറു രൂപയുടെ ചില്ലറ നൂറ്റിപ്പത്ത് രൂപക്ക് വിൽക്കുന്ന വലിയൊരു 'ആത്മീയ' ബിസിനസിന്റെ ഭാഗമാകാനെനിക്ക് കഴിഞ്ഞു.

ഇനി ഞാൻ സീരിയസ് ആയി ചിലത് പറയാം. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം ലഭിക്കുവാനോ, അദ്ധ്വാനിക്കുന്ന ഒരാൾക്ക് പ്രതിഫലം നല്കുവാനോ എന്നെ ഉപയോഗിക്കുമ്പോഴാണ് എനിക്ക് നിർവൃതിയുണ്ടാകുക. അല്ലാതെ ഭണ്ഡാരപ്പെട്ടിക്കകത്ത് കേറുമ്പോഴല്ല. കുറഞ്ഞത്, കള്ളമില്ലാത്ത കൈകളിലെങ്കിലും എത്താൻ ഞാനാഗ്രഹിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അനേകമായിരമാളുകൾ കഷ്ടപ്പെടുമ്പോൾ കാണിക്കവഞ്ചികൾ നിറഞ്ഞുകവിയുന്നു. തിന്നു മുടിക്കുന്നവൻ തടിച്ചു കൊഴുക്കുന്നതിനും നികുതി വെട്ടിച്ച് ഭക്തിക്കച്ചവടം നടത്തുന്നതിനും എന്നെ ഉപയോഗിക്കുമ്പോൾ എന്റെ വിലയിടിയുന്നതായി തോന്നുന്നു. ആത്മാഭിമാനം നശിക്കുന്നതായി തോന്നുന്നു."

നാണയം പറഞ്ഞുനിർത്തി.

ശരിയാണ്. എനിക്ക് ബോധോദയം ഉണ്ടായി. അഴിമതിക്കാരും വെട്ടിപ്പുകാരും വലിയ കള്ളന്മാരും പണത്തിന്റെ വിലയില്ലാതാക്കുമ്പോൾ പാവപ്പെട്ടവൻ അതുണ്ടാക്കാൻ പെടാപ്പാട് പെടുകയാണ്. ഉള്ളവന്റെ പത്തായങ്ങളുടെ വലിപ്പം കൂടുമ്പോൾ ഇല്ലാത്തവനെന്നും കുമ്പിളിൽ കഞ്ഞികുടിക്കുന്നു. ചിലർ വായു ഭക്ഷിക്കുന്നു. അമ്മമാരും ഗുരുക്കന്മാരും ദൈവങ്ങളും കച്ചവടത്തിരക്കിലാണ്. പാവപ്പെട്ടവന്റെ നേരെ കൈയും നീട്ടി അവർ പലയിടത്തായി ഇരിപ്പുണ്ട്. ചിലർ മുക്കിലും മൂലകളിലും നിർമിച്ചിട്ടുള്ള ചില്ലു കൂടുകളിൽ. മറ്റു ചിലർ മാനം മുട്ടെ പണിതുയർത്തിയിരിക്കുന്ന ആശ്രമങ്ങളിൽ.

ചിറകെരിക്കുമ്പോൾ...!

നിന്റെ തൂവൽ കത്തിക്കരിഞ്ഞ മണത്തെ, ആർത്തിയോടെയവരാസ്വദിക്കുന്നുണ്ട്. നീ പറക്കാൻ കൊതിച്ച മാനത്തിപ്പോൾ മൃതിയുടെ കരിനിഴൽ തൂങ്ങിനിൽക്കുന്നുണ...